കാബൂൾ: ബൈബിൾ കൈവശം വയ്ക്കുന്നതും യേശുക്രിസ്തുവിനെ പരസ്യമായി ആരാധിക്കുന്നതും കടുത്ത വിലക്കുള്ള താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിൽ ക്രൈസ്തവ ടെലിവിഷൻ ചാനൽ സംപ്രേക്ഷണം ആരംഭിച്ചു. അഫ്ഗാനിസ്ഥാൻ ബൈബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 24-നാണ് സാറ്റലൈറ്റ്, ഓൺലൈൻ സംവിധാനങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്ന മൊസ്ദ ടിവി (Mozhda TV) പ്രവർത്തനം ആരംഭിച്ചത്. 2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ രാജ്യത്ത് കർശന ശരിയത്ത് നിയമങ്ങൾ നടപ്പിലാക്കിയിരുന്നു.
ഇതോടെ ക്രൈസ്തവ വിശ്വാസത്തിന്റെ പരസ്യമായ ആവിഷ്കാരങ്ങൾക്കു കർശന വിലക്ക് ഏർപ്പെടുത്തുകയും ബൈബിളുകൾ നിരോധിക്കുകയും ചെയ്തിരിന്നു.ഇതിനിടെ അഫ്ഗാനിസ്ഥാനിലേക്ക് മാത്രമായി സംപ്രേഷണം ചെയ്യുന്ന ആദ്യ ക്രൈസ്തവ ടെലിവിഷൻ ചാനലിനാണ് ഓൺലൈനിലൂടെ തുടക്കമിട്ടിരിക്കുന്നത്. നിലവിൽ രാജ്യത്തെ ഔദ്യോഗിക ഭാഷകളായ ദാരി, പഷ്തോ ഭാഷകളിലാണ് ചാനൽ സംപ്രേഷണം നടത്തുന്നത്. തുർക്ക്മെൻ, ബലൂചി, ഉസ്ബെക്, ഹസാരഗി തുടങ്ങിയ ഭാഷകളിലേക്കും പരിപാടികൾ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.
അഫ്ഗാനിസ്ഥാനിലെ 3.5 കോടി ജനങ്ങളിൽ മൂന്നിൽ രണ്ടുപേരും ദാരി അല്ലെങ്കിൽ പഷ്തോ ഭാഷ സംസാരിക്കുന്നവരാണ്. എന്നാൽ രാജ്യത്ത് നാൽപ്പതിലധികം ഭാഷകളും നൂറുകണക്കിന് പ്രാദേശിക ഭാഷാഭേദങ്ങളും നിലവിലുണ്ട്.
ഓരോ ഭാഷയിലും കുറഞ്ഞത് ഏതെങ്കിലും ഒരു പരിപാടിയെങ്കിലും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മൊസ്‌ദ ടിവി സംഘാംഗം വ്യക്തമാക്കി. അടുത്ത ഘട്ടത്തിൽ അഫ്ഗാനിസ്ഥാനിലെ മിക്ക വീടുകളിലും സാറ്റലൈറ്റ് ഡിഷുകൾ ലഭ്യമായതിനാൽ താലിബാന്റെ നിയന്ത്രണങ്ങൾ മറികടന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സംപ്രേഷണം എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മൊസ്ദ ടിവി എക്സിക്യൂട്ടീവ് ഡയറക്ടർ മസൂദ് ഘോർബാനി പറഞ്ഞു. സ്ത്രീകളെ ലക്ഷ്യമിട്ടുള്ള പ്രത്യേക പരിപാടികളും ചാനലിൽ ലഭ്യമാക്കുന്നുണ്ട്. താലിബാൻ ഭരണകൂടം സർവകലാശാലകളിൽ സ്ത്രീകൾക്ക് പഠനം നിരോധിക്കുകയും പെൺകുട്ടികൾക്ക് സെക്കൻഡറി
വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്ത്രീകൾക്കായുള്ള പരിപാടികൾക്കു ചാനൽ പ്രാധാന്യം നൽകുന്നത്.
അഫ്ഗാനികൾ അഫ്ഗാനികൾക്കുവേണ്ടി തന്നെ രൂപീകരിച്ച ക്രൈസ്തവ മാധ്യമശുശ്രൂഷയാണ് മൊസ്ദ ടിവിയെന്നും യേശുക്രിസ്തുവെന്ന സത്യവും സന്തോഷവും സമാധാനവും രാജ്യത്തെ വിവിധ ഭാഷകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ചാനലിൻ്റെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ഇ - മെയിൽ വഴിയും ബന്ധപ്പെടാവുന്ന 24 മണിക്കൂർ പ്രാർത്ഥന ശുശ്രൂഷയും ചാനലിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
ഇസ്ലാമിക തീവ്രവാദികളായ താലിബാൻ ഭരണം ഏറ്റെടുത്തതാണ് അഫ്‌ഗാനിസ്ഥാനിലെ ക്രൈസ്തവരുടെ ജീവിതം ഏറ്റവും അപകടകരമായി മാറിയത്. ഇസ്ലാമിക നിയമങ്ങളും ആചാരങ്ങളും അടിച്ചമർത്തി നടപ്പിലാക്കുന്ന താലിബാൻ നിലപാടിൽ ക്രൈസ്തവർ കടുത്ത വേദനകളാണ് നേരിടുന്നതെന്നും യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചവർക്ക് മുന്നിൽ ഇവർ ഉയർത്തുന്നത് വലിയ പ്രതിസന്ധിയാണെന്നും ഓപ്പൺ ഡോഴ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരിന്നു.
Christian television channel coming to Afghanistan, where terrorists rule. Mosda TV























